മാന്നാനം: സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജിലെ 69-ാമതു ക്രിസ്മസ് ആഘോഷം വ്യത്യസ്തമാക്കി അധ്യാപകരും വിദ്യാര്‍ഥികളും. കോളജിലെ എല്ലാ വിദ്യാര്‍ഥികളെയും അധ്യാപകരെയും അനധ്യാപകരെയും പ്രതിനിധീകരിക്കുന്ന, ഓരോരുത്തരുടെയും ഫോട്ടോ പതിപ്പിച്ച ഏകദേശം 200ല്‍പ്പരം നക്ഷത്രങ്ങള്‍ അണിഞ്ഞാണു മാന്നാനം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജ് ഇത്തവണ ക്രിസ്മസിനെ വരവേല്‍ക്കുന്നത്.
സെന്റ് ജോസഫ്സ് കുടുംബമെന്ന ആശയത്തിലൂന്നി ഓരോ കുടുംബാംഗവും ഓരോ നക്ഷത്രമായി തിളങ്ങുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു. മുളയും കയറും ഉപയോഗിച്ചു വിദ്യാര്‍ഥികള്‍ തന്നെയാണ് നക്ഷത്രങ്ങള്‍ നിര്‍മിച്ചത്. കോളജ് യൂണിയനും സ്പിരിച്വല്‍ ആനിമേഷന്‍ സെല്ലും സംയുക്തമായാണ് നക്ഷത്രങ്ങള്‍ നിര്‍മിച്ചത്. കോളജിന്റെ മാനേജരും മാന്നാനം ആശ്രമം അധിപനുമായ റവ.ഡോ. കുര്യന് ചാലങ്ങാടി സിഎംഐയാണ് വ്യത്യസ്തമായ ആശയത്തിനു പിന്നില്‍.